It is an anecdote .Title means a look back into the childhood......
                                                    - ബേബ’ന്‍ പുറക്കാട്ട്,  കുമ്പള൦.



                                                                         

                ഇംഗ്ലീഷ് ഭാഷയില്‍ ‘അബ്സഷന്‍’  (Obsession) എന്നത് മനശാസ്ത്രപരമായ ഒരു പദമാണ്. വ്യത്യസ്തമായും മാറ്റാനാവാത്ത രീതിയിലും മനസ്സില്‍ ഉറച്ചുപോയ ചിന്താഭാരം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഏതെങ്കിലുമൊരു കാര്യത്തെപ്പറ്റി സത്യത്തിനു നിരക്കാത്ത രീതിയില്‍ മനസ്സി’ല്‍ ഉറച്ചുപോയ ഒരു ചിന്ത പൊടുന്നനെ പിഴുതുകളയുക എന്നത് ശ്രമകരമായ ഒരു സംഗതിയാണ്. ചില സന്ദര്‍ഭങ്ങളി’ല്‍ ചില വ്യക്തികളി’ല്‍ ബഹ്യമായോ, അപ്രകടമായോ ഉളവാകുന്ന ഒരു പ്രത്യേക അവസ്ഥ യാഥാര്‍ഥ്യത്തിനപ്പുറത്തുള്ള ലോകത്തേക്ക് അവരെ തള്ളിവിടുന്നു എന്നത് വിചിത്രവും, വിസ്മയകരവുമായ ഒരു സ്ഥിതിവിശേഷം തന്നെയാണ്. 
               
                ഏതോ സാഹചര്യത്തില്‍ കുട്ടിക്കാലത്ത്‌ മനസ്സി’ല്‍ ആഴത്തി’ല്‍ പതിച്ച ഒരനുഭവം പില്‍ക്കാലത്ത്‌ ഒരു വ്യക്തിയുടെ മനസ്സിന്‍റെ അജ്ഞാത തലങ്ങളിലെവിടെയോ വേരുറച്ച് നിലകൊള്ളുന്നു. സത്യത്തിന്‍റെ ദീപനാളങ്ങ’ള്‍ എത്രതന്നെ പ്രകാശിപ്പിക്കാ’ന്‍ ശ്രമിച്ചാലും ഒരു മാറ്റവുമില്ലാതെ അത് നിലനില്‍ക്കുകതന്നെ ചെയ്യുന്നു. താന്‍ മനസ്സിലാക്കിവച്ചിരിക്കുന്നത് തെറ്റാണെന്നും, സത്യം മറ്റൊന്നാണെന്നും അയാളെ ബോധ്യപ്പെടുത്താ’ന്‍ പണിപ്പെടുന്ന ആരും പാടേ പരാജയപ്പെടുമെന്ന് തീര്‍ച്ച!


എന്‍റെ വളരെ അടുത്ത ഒരു ബന്ധുവാണ് ബാബു. പ്രായത്തില്‍ നാലഞ്ചുവയസ്സിന് ഇളപ്പമാണെങ്കിലും അവ’ന്‍ എന്‍റെ കൂട്ടുകെട്ടിലൊരംഗമായിരുന്നു. പഠിച്ചുനടക്കുന്ന കാലം. സ്കൂള്‍ സമയം കഴിഞ്ഞാല്‍ ബാഡ്മിന്‍റ’ന്‍ കളത്തിലും, വോളിബോള്‍ കളിയിലും, മറ്റു പലതരം വിനോദങ്ങളിലുമായി ഞങ്ങ’ള്‍ സമയം ചെലവഴിച്ചിരുന്നു. പള്ളിയുടെയും പള്ളിക്കൂടത്തിന്‍റെയും വളപ്പ് അന്ന് ഏതൊരാള്‍ക്കും എത്തിപ്പെടാവുന്ന രീതിയി’ല്‍ തുറന്നിട്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും സായാഹ്നം ചിലവഴിക്കാനവിടെ വന്നിരിക്കുക പതിവായിരുന്നു. പള്ളിയുടെ മുന്‍വശത്തുള്ള കായല്‍തീരത്തും, പ്രത്യേകിച്ച് നാല് തെങ്ങുക’ള്‍ ഒരുമിച്ച് വളര്‍ന്നു നില്‍ക്കുന്നിടത്തും, സ്കൂള്‍ പരിസരത്തുമെല്ലാം ഓടിയും ചാടിയും, പല വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചെലവഴിക്കുന്നത് വളരെ രസകരമായ ഒരു അനുഭവം തന്നെയായിരുന്നു.


കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നതിനാ’ല്‍ പയ്യ’ന്‍ എന്ന സ്ഥാനമായിരുന്നു ബാബുവിനു ഞങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മുനവച്ച തമാശകളും, പരിഹാസവുമെല്ലാം മിക്കപ്പോഴും അരങ്ങേറിയിരുന്നത് അവനെ കേന്ദ്രീകരിച്ചായിരുന്നു. ഇതെല്ലാം ഞങ്ങളും അവനും ഒരുപോലെ ആസ്വദിച്ചിരുന്നു.

സാധാരണയായി ഞങ്ങളോടൊപ്പം കളികളിലും, വിനോദങ്ങളിലും, പതിവായി പങ്കെടുക്കാറുണ്ടായിരുന്ന കൂട്ടുകാ’ര്‍ പലരും ആ ദിവസം എത്തിച്ചേര്‍ന്നിരുന്നില്ല. ആകെയുണ്ടായിരുന്നത് ബാബുവും, അവന്‍റെ അയല്‍വാസിയായിരുന്ന ഗോകുല്‍ദാസും, ഞാനും മാത്രമായിരുന്നു. പതിവുപോലെ ഞങ്ങള്‍ പള്ളി അങ്കണത്തി’ല്‍ ഒത്തുകൂടി. തെളിഞ്ഞുനിന്നിരുന്ന ആ സായാഹ്നം ഞങ്ങള്‍ക്ക്‌ വളരെയധികം ഉന്മേഷം പകര്‍ന്നുതന്നിരുന്നു. കായല്‍ തീരത്ത്, വടക്ക്‌ ഭാഗത്തായി മലമാതാവിന്‍റെ (Grotto) പടിഞ്ഞാറുവശത്ത്‌ കൂട്ടിയിട്ടിരുന്ന കൌതുകകരമായ കരിങ്കല്ലുക’ള്‍ ഞങ്ങള്‍ക്ക് സൌകര്യപ്രദമായ ഇരിപ്പിടമേകി. ആ കരിങ്കല്ലുകള്‍ വളരെ മിനുസമുള്ളതും, ഭംഗിയുള്ളതുമായി കാണപ്പെട്ടിരുന്നതിനു പ്രത്യേക കാരണമുണ്ടായിരുന്നു. പള്ളിയുടെ നിര്‍മ്മാണഘട്ടത്തി’ല്‍ പള്ളിയകത്തുള്ള നെടുംതൂണുകള്‍ കെട്ടിയുയര്‍ത്താനായി, മൂന്ന് ‘റ’ കള്‍ ഒന്നിച്ച് വച്ചാല്‍ ഉണ്ടാകുന്ന “ക്ലാവര്‍” രൂപത്തില്‍ കൊത്തിമിനുക്കിയവയായിരുന്നു അവ. ഏതാണ്ട് 120 വര്‍ഷത്തിനു മുന്‍പ്‌ കൊത്തിയെടുത്തതും, പള്ളിപണിക്ക് ശേഷം ബാക്കിവന്നതുമായ ആ കല്ലുകള്‍ മലമാതാവിന്‍റെ പടിഞ്ഞാറുഭാഗത്ത്‌ നിന്നിരുന്ന തൊലികയ്പ്പ’ന്‍ മാങ്ങയുണ്ടാകുന്ന വലിയ മാവിന്‍റെ ചുവട്ടിലാണ് വിന്യസിച്ചിരുന്നത്. കായലില്‍ നിന്നുള്ള തണുത്ത കാറ്റ് സമ്മാനിച്ച കുളിര്‍മ്മയും, തൊലികയ്പ’ന്‍ മാവിന്‍റെ ഇലനിബിഡമായ ശാഖക’ള്‍ കൊണ്ടുള്ള മേല്‍വിതാനം ഒരുക്കിത്തന്ന തണലും ആസ്വദിക്കാന്‍ എന്ത് രസമായിരുന്നു!

                 വാചക കസര്‍ത്തി’ല്‍ പി. എച്ച്ഡി. എടുത്തിട്ടുള്ള ദാസിന്‍റെ നര്‍മ്മ വചനങ്ങ’ള്‍ എല്ലാവരെയും രസിപ്പിക്കാ’ന്‍ പോന്നതായിരുന്നു. എന്നാല്‍ കുറിക്കു കൊള്ളുന്നതായിരുന്നതിനാ’ല്‍ അത് ആര്‍ക്കും അത്ര സുഖകരമായി തോന്നിയിരുന്നില്ല. അങ്ങനെയുള്ള നാട’ന്‍ കൂട്ടുകെട്ടിലെ നര്‍മ്മ സല്ലാപത്തിനിടയില്‍, പരസ്പരം വാരുകയും പരിഹസിക്കുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികമായിരുന്നുവെന്ന് എടുത്ത്‌പറയേണ്ടതില്ലല്ലോ.

ആ ദിവസത്തെ കലാപരിപാടിയി’ല്‍ വാര’ല്‍ വിദഗ്ദ്ധ’ന്‍ ഗോകുല്‍ദാസിന്‍റെ ഇരയായിതീര്‍ന്നത് സാധാരണ സംഭവിക്കാറുള്ളതുപോലെ പയ്യനായ ബാബുവായിരുന്നു. പതിവിന് വിപരീതമായി തുടക്കത്തില്‍ തന്നെ അവ’ന്‍ ‘മൂഡ്‌ ഔട്ട്’ ആയി കാണപ്പെട്ടിരുന്നു. പരിഹാസം കൂടിവന്ന ഘട്ടത്തില്‍ സഹികെട്ട് അപ്രതീക്ഷിതമായി പയ്യ’ന്‍ പോട്ടിത്തെറിച്ചതും, പരിഹാസബാണമെയ്ത ദാസ്‌ ഒരു നിമിഷത്തേക്ക് വിഷണ്ണനായതും അന്നത്തെ സായാഹ്നത്തെ നശിപ്പിച്ചെടുത്തു എന്ന് പറഞ്ഞാ’ല്‍ മതിയല്ലോ.
                 
“എന്തുപറ്റി? എന്തുപറ്റി ദാസ്?” എന്നാരാഞ്ഞുകൊണ്ട് ദാസിന്‍റെ തോളി’ല്‍ ഞാ’ന്‍ ഒന്നു ‘തലോടി’. ഞാന്‍ ദാസിന്‍റെ തോളി’ല്‍ കൊടുത്ത ‘തലോടല്‍’ പോലെ പരസ്പരം തോളില്‍ തലോടുന്ന രീതി ഞങ്ങള്‍ക്കിടയി’ല്‍ നിലനിന്നിരുന്നു. കളിയാക്കലിന്‍റെ അകമ്പടിയോടും, കര്‍ണ്ണം തുളയ്ക്കുന്ന അട്ടഹാസത്തോടും, ആരെയും ഇളിഭ്യരാക്കാ’ന്‍ പോന്ന ചിരിയോടും കൂടിയുള്ള ‘തലോടലാണ്’ ഉണ്ടാകുന്നതെങ്കില്‍ അത് ഏതൊരാളെയും പ്രകോപിപ്പിച്ചെന്നിരിക്കും. അങ്ങനെയുള്ള ഒരു തലോടലാണ് പയ്യന്‍റെ നേര്‍ക്ക്‌ ഗോകുല്‍ദാസിന്‍റെ പക്ക’ല്‍ നിന്നുണ്ടായത്‌. അതും കൂട്ടത്തില്‍ ശിശുവും, ക്ഷിപ്രകോപിയുമായ പയ്യന്‍റെ നേര്‍ക്ക്‌!

‘മൃദുതലോടലി’ന്‍റെ അസ്സഹനീയമായ വേദന പോടുന്നനെയവിടെ സൃഷ്ടിച്ച പറഞ്ഞറിയിക്കേണ്ടാത്ത പൂരം കാണാന്‍പോന്നത് തന്നെയായിരുന്നു. കലിതുള്ളി നിന്ന കഥാനായകന്‍ ഉച്ചത്തി’ല്‍ എന്തോ ആക്രോശിച്ചുകൊണ്ട്, പ്രതികാര വായ്പോടെ ദാസിന്‍റെ നേര്‍ക്ക്‌ ചീറിയടുത്തു. ഏതു പ്രഹരത്തില്‍നിന്നും ഒഴിഞ്ഞുമാറാ’ന്‍ വിരുത് കാട്ടിയിരുന്ന ദാസിന്‍റെ ചടുല ചേഷ്ടക’ള്‍ പ്രകോപനത്തിന്‍റെ വീര്യം കൂട്ടിയതിനാലാവാം ഇരുവരും തലങ്ങും, വിലങ്ങും ഓടുകയും, കരണം മറിയുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടത്. ഇടയില്‍ ചാടിവീണ് വഴക്കാളികളെ പിടിച്ചുമാറ്റാന്‍ ബാധ്യതയുണ്ടായിരുന്ന മൂന്നാമന്‍റെ ദൌത്യം ആരോഗ്യപരമായ കാരണങ്ങളാല്‍ നിര്‍വ്വഹിക്കാനാവാതെ ഈയുള്ളവ’ന്‍ നിസ്സഹായനായി നോക്കിനിന്നു.

         തൊലികയ്പന്‍ മാവിന്‍റെ ചുറ്റും കിടന്നുള്ള പരക്കം പാച്ചി’ല്‍ അങ്ങ് തെക്കുവശത്തുള്ള കല്ലുകെട്ടിമാവിന്‍റെ ചുവട്ടിലേക്കും എത്തി. കബളിപ്പിച്ച് കടന്നുകളഞ്ഞ എലിയുടെ പിന്നാലെയോടുന്ന പൂച്ചയെപ്പോലെ പയ്യനും, കൊലയാളിയുടെ കൈകളില്‍ നിന്നും രക്ഷപെടാന്‍ തിടുക്കം കൂട്ടുന്ന ഇരയെപ്പോലെ ദാസും നെട്ടോട്ടം തുടര്‍ന്നു.  കവണിയില്‍ തൊടുത്തുവിട്ട, ചീറിയടുക്കുന്ന  കല്ലിന്‍റെ വഴിയില്‍നിന്ന് സിനിമാസ്റ്റൈലി’ല്‍ ഒഴിഞ്ഞുമാറുന്ന സ്കൂള്‍കുട്ടിയുടേത്പോലുള്ള ദാസിന്‍റെ പ്രകടനം പ്രകോപനത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു. തിരിച്ചോടി തൊലികയ്പന്‍ മാവിന്‍റെ അടുത്തെത്തിയ ദാസ്‌ എന്‍റെ അടുത്തെത്തിയപ്പോ’ള്‍ പെട്ടെന്ന് ഓട്ടം നിര്‍ത്തി, എന്തോ പിറുപിറുത്തുകൊണ്ട് കണ്ണിറുക്കി.  പുറകെ ഓടിയെത്തിയ പയ്യന്‍, ദാസിന്‍റെ മേ’ല്‍ അത്രയ്ക്കങ്ങ് മൃദുവല്ലാത്ത ഒരു ആക്രമണം നടത്തിയതും “ന്‍റെമ്മോ” എന്ന് പറഞ്ഞുകൊണ്ട് ദാസ്‌ നിലംപതിച്ചതും പെട്ടെന്നായിരുന്നു.



               
                ദാസിന്‍റെ പിറുപിറുക്കലിന്‍റെയും കണ്ണിറുക്കലിന്‍റെയും അര്‍ത്ഥം പിടികിട്ടാതെ എന്താണ് സംഭവിച്ചതെന്നറിയാതെ ഞാ’ന്‍ നിസ്സഹായനായി നോക്കിനിന്നു. കൂട്ടുകാരില്‍ ആര്‍ക്കിട്ടെങ്കിലും പണികൊടുക്കുവാന്‍ ഒരുങ്ങുമ്പോ’ള്‍ മുഖത്ത് പ്രകടമായിരുന്ന കുസൃതി ചേഷ്ടകളോടെ ആയിരുന്നല്ലോ ദാസിന്‍റെ ആ കള്ളക്കണ്ണിറുക്കല്‍ എന്ന് മനസ്സിലായപ്പോ’ള്‍ സംഗതിയുടെ ഗുട്ടന്‍സ്‌ എനിക്ക് പിടികിട്ടി.

“കള്ളന്‍ വേലയിറക്ക’ല്‍ അഭ്യാസം എടുത്തിരിക്കുന്നു” – ഞാ’ന്‍ മനസ്സി’ല്‍ പറഞ്ഞു.

       
വളരെ വിലപിടിച്ച ഒരു പളുങ്കുപത്രം കയ്യില്‍ നിന്നും വീണുടയുമ്പോള്‍ ഒരു കൊച്ചുകുട്ടിക്കുണ്ടാകുന്ന മുഖഭാവത്തോടെ സ്തബ്ധനായി ബാബു നിന്നുപോയി. സന്ദര്‍ഭത്തിനൊത്തുയരാ’ന്‍ തന്നെ തീരുമാനിച്ച് അഭിനയ കിത്താബ് ഞാനും തുറന്നു.
               
               
“ഹേയ് ദാസ്‌, എന്തുപറ്റി? എന്താ ഉണ്ടായത്‌?” എന്ന് പരിഭ്രമം കലര്‍ത്തിയ ശബ്ദത്തി’ല്‍ തിരക്കിക്കൊണ്ട് ദാസിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനായി ഞാ’ന്‍ പണിപ്പെട്ടു. സൂത്രശാലിയായ ദാസുണ്ടോ അനങ്ങുന്നു!

                തന്ത്രപരമായി ശ്വാസം അടക്കിക്കിടക്കുന്ന ദാസിന്‍റെ മൂക്കിനടുത്ത് വിരല്‍ കാണിച്ച് ശ്വാസമുണ്ടോ എന്ന് പരിശോധിച്ചശേഷം പേടിച്ചരണ്ട ശബ്ദത്തില്‍ ബാബുവിനോടായി ഞാന്‍ പറഞ്ഞു:

 “ഡ ബാബു! പണി പാളീ! .... അവന്‍ അനങ്ങുന്നില്ല ... തട്ടിപ്പോയെന്നാ തോന്നണെ! നിന്‍റെ ജീവിതം കട്ടപ്പുകയായി; കൊലക്കുറ്റമാണ്... നമ്മള്‍ ഇനി എന്ത് ചെയ്യും?”

                കാറ്റഴിച്ചുവിട്ട ബലൂണ്‍ കണക്കേ, ശൌര്യമെല്ലാം നഷ്ടപ്പെട്ട് കുടുകുടെ വിറക്കാന്‍ തുടങ്ങിയ ശരീരവുമായി പയ്യ’ന്‍ തളര്‍ന്നു നിന്നു. ഭയം അവന്‍റെ മുഖത്തെ വിരൂപമാക്കി. വര്‍ദ്ധിച്ചുവരുന്ന നെഞ്ചിടിപ്പിന്‍റെ ശബ്ദം പുറത്ത് കേള്‍ക്കാമായിരുന്നു.

കാര്യങ്ങള്‍ കുറച്ചുകൂടി വിശ്വസനീയമാക്കാനായി ഞാ’ന്‍ ബാബുവിന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു:

“നീ ഓടിച്ചെന്നു കുറച്ച് വെള്ളം കൊണ്ടുവാ ... വേഗമാകട്ടെ...”
               
കേള്‍ക്കേണ്ട താമസം, ബാബു പള്ളിയുടെ കിഴക്കേഭാഗത്തേക്കു വച്ചുപിടിച്ചു. പള്ളിയുടെ കിഴക്കുവശത്തായി നിലകൊണ്ടിരുന്ന സ്കൂളിനരികിലുള്ള കിണറ്റില്‍നിന്നും വേണമായിരുന്നു കുടിവെള്ളം ശേഖരിക്കാന്‍.
               
ബാബു വെള്ളം കൊണ്ടുവരുവാനായി മിന്നിമറഞ്ഞ മാത്രയില്‍ സൂത്രക്കാരന്‍ ദാസ്‌ ‘ഉയിര്‍ത്തെഴുന്നേറ്റു’. വീണ്ടും ഒരു ഇളിഭ്യചിരിയിടുകൂടി പറഞ്ഞു:
“പയ്യന്‍റെ അരിശം കണ്ടില്ലേ? അവന്‍ കലിതുള്ളുകയല്ലേ? അവനെയൊന്നു മെരുക്കിയെടുക്കണമെങ്കില്‍ ഈ ഒരടവ്‌ പ്രയോഗിച്ചേ പറ്റൂ”. ഒരു നിമിഷം നിര്‍ത്തിയിട്ട് ദാസ്‌ വീണ്ടും തുടര്‍ന്നു:
                 
“താന്‍ ശരിക്കഭിനയിച്ചോ. അവന്‍ മടങ്ങിയെത്തുമ്പോ’ള്‍ വീണ്ടും പണി കൊടുക്കാം. ഒന്ന് വിരട്ടിയിട്ടു തന്നെ കാര്യം”
                 
“ഹേയ്, വേണ്ട. അവനിപ്പോള്‍തന്നെ പേടിച്ചു വിരണ്ടിരിക്യാണ്. കളി നിര്‍ത്തി കാര്യമങ്ങു പറഞ്ഞേക്കാം” എന്നായി ഞാന്‍

               
“ ഒന്ന് വെറുതെയിരിക്കെടോ” അവന്‍റെ കോപമടക്കാ’ന്‍ ഇതേ ഒരു മാര്‍ഗമുള്ളൂ. തന്നെയുമല്ല കബളിപ്പിക്കുകയായിരുന്നെന്നു തോന്നിയാല്‍ വീണ്ടുമവ’ന്‍ റെയ്സ് ആകും.” ഗോകുല്‍ ദാസ്‌ വിടാ’ന്‍ ഭാവമില്ലാതെ പറഞ്ഞു.

“എന്നാല്‍ ശരി അവ’ന്‍ തിരിച്ചു വരുന്നതിനു മുന്‍പ്‌ ഞാ’ന്‍ ഒരു അടയാളം തന്നോളാം” എന്ന് പറഞ്ഞു കല്ലുകെട്ടിമാവിന്‍റെ ചുവട്ടിലേക്ക് ഞാ’ന്‍ മാറിനിന്നു. അകലെ നിന്ന് വരുന്ന പയ്യനെ കാണണമെങ്കില്‍ പള്ളിയുടെ മറവി’ല്‍ നിന്ന് മാറി അവിടെ നിലയുറപ്പിക്കണമായിരുന്നു.

                 
മുഖത്ത് അപ്പോഴും പ്രകടമായിരുന്ന കുസൃതിച്ചിരിയോടെ ദാസ്‌ നിലത്ത് ചമ്രംപടഞ്ഞിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് കിടന്നിരുന്നതിന്‍റെ കിതപ്പ്‌ ശമിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ.

നിറഞ്ഞുതുളുമ്പുന്ന ബക്കറ്റുമായി അകലെ നിന്ന് ഓടിയടുക്കുന്ന പയ്യനെ കണ്ടപ്പോള്‍ “വേഗം ഒന്നു വാടാ ബാബൂ” എന്ന് ഞാന്‍ വിളിച്ചുകൂവിയത് ദാസിനുള്ള സിഗ്നല്‍ ആയിരുന്നു.

അടക്കാനാവാത്ത ഭയവും, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷയും, ആശങ്കയും പ്രതിഫലിപ്പിക്കുന്ന മുഖവുമായി, കയ്യിലെ ബക്കറ്റില്‍ നിന്നും തുളുമ്പിവീഴുന്ന വെള്ളംകൊണ്ടൊരു പാത ഓടുന്ന വഴിയില്‍ സൃഷ്ടിച്ചുകൊണ്ടു ബാബു കിതച്ചെത്തി.

അപ്പോഴേക്കും നാട്യതിലകം ഗോകുല്‍ ദാസ്‌ തന്‍റെ അഭിനയത്തിന്‍റെ രണ്ടാം കാണ്‌ഡത്തിലേക്ക് വഴുതിവീണുകഴിഞ്ഞിരുന്നു.

“വെള്ളം വേഗമിങ്ങ് തന്നേ... സൂക്ഷിച്ചോളണം... ആരെങ്കിലും വന്നാല്‍ പ്രശ്നം ഗുരുതരമാകും” എന്ന് മന്ത്രിച്ചുകൊണ്ട് ബക്കറ്റിലെ വെള്ളം കൈക്കുമ്പിളിലെടുത്ത് ദാസിന്‍റെ മുഖത്ത് തളിച്ചുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു:

                                
“ദാസേ, ദാസേ എഴുന്നേല്‍ക്കൂ...”

                 ‘ഉറങ്ങുന്നവനെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാവില്ല’ എന്ന പഴമൊഴി അരക്കിട്ടുറപ്പിക്കുന്ന രീതിയില്‍ ‘കാറ്റുപോയ’ ദാസവിടെ അനങ്ങാപ്പാറപോലെ കിടന്നു.

                തണുത്തവെള്ളം മുഖത്തടിക്കുന്ന പ്രക്രിയയി’ല്‍ സ്വാഭാവികമായി ദാസിന്‍റെ കണ്‍പോളക’ള്‍ പ്രതികരിച്ചതിനാലുണ്ടായ ചലനം എന്‍റെ മുഖത്തേക്ക് നോക്കാ’ന്‍ ബാബുവിനെ പ്രേരിപ്പിച്ചു.

“ദാസ്‌, ദാസ്‌ എഴുന്നേല്‍ക്കൂ” എന്ന് ഞാന്‍ ഇടക്കിടെ ഉരുവിട്ടുകൊണ്ടിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പഠിച്ച കള്ളനായ ദാസുണ്ടോ അനങ്ങുന്നു. “ കാര്യം വഷളായല്ലോ ദൈവമേ! ഇനി നമ്മള്‍ എന്ത് ചെയ്യും?” ബാബുവിനോടായി ഞാന്‍ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട് ഭയവും നിരാശയും നിറഞ്ഞ മുഖവുമായി എന്തുചെയ്യണമെന്നറിയാതെ ബാബുവും, ഭയവും നിസ്സഹായതയും അഭിനയിച്ച് ഞാനും മുഖത്തോടുമുഖം നോക്കി നിന്നു. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട്, ഉള്ളില്‍ ചിരിയുമായി ‘മരിച്ചുപോയ’ ഗോകുല്‍ ദാസ്‌ താഴെ കിടന്നിരുന്നു.

“എന്താ ഇപ്പൊ ചെയ്യാന്‍ പറ്റുക? ഒന്നുകൂടി ശ്രമിക്കാം. നീ ആ വെള്ളം കുറച്ചുകൂടി എടുത്ത് മുഖത്തടിച്ചു നോക്കൂ... എനിക്കാകെ പേടിയാകുന്നു.”

                 
വിറയ്ക്കുന്ന കൈകളുമായി ബക്കറ്റില്‍ അവശേഷിച്ച വെള്ളം കോരി മുഖത്തേക്ക് ബാബു തെറിപ്പിച്ചപ്പോള്‍ കണ്ണുചിമ്മ’ല്‍ നിയന്ത്രിക്കാനാവാതെ, ഒരു ഞരക്കത്തോടെ ദാസ്‌ കമിഴ്ന്നുവീണു.

“രക്ഷപെട്ടെടാ, രക്ഷപെട്ടു” എന്നുച്ചത്തി’ല്‍ പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റ ഞാന്‍ രണ്ടു കൈയും ദാസിന്‍റെ തോളി’ല്‍ പതിപ്പിച്ച് ഉയര്‍ത്താ’ന്‍ ശ്രമിച്ചു. അതുവരെ ഒരു വാക്കുപോലും ഉരിയാടാനാവാതെ വിറങ്ങലിച്ചു നിന്നിരുന്ന ബാബുവിന്‍റെ ചുണ്ടുകളില്‍ നിന്ന് “ദാസേ, ദാസേ കണ്ണുതുറക്കൂ” എന്ന ഇടറിയ വാക്കുകള്‍ മെല്ലെ പുറത്തേക്കു വന്നു.

നിമിഷങ്ങള്‍ നീണ്ട പ്രയത്നം ഫലമണിയാനുള്ള ലക്ഷണമൊന്നും കാണുന്ന മട്ടില്ല. നിരാശപൂണ്ട പയ്യന്‍ വീണ്ടും നിശബ്ദനായി നിന്നു. പീഡാനുഭവത്തിന്‍റെ സ്മരണയുണര്‍ത്തുന്ന യേശുവിന്‍റെ തിരുസ്വരൂപത്തില്‍ കൊത്തിവച്ചിരുന്ന ദൈന്യഭാവമായിരുന്നു അവന്‍റെ മുഖത്തപ്പോള്‍. ദൈന്യതയും, ശൂന്യതയുമെല്ലാം ഇടവിട്ട് അലയടിക്കുന്ന അവന്‍റെ മുഖം കണ്ടപ്പോ’ള്‍ ഈ നാടകമിവിടെ അവസാനിപ്പിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം എനിക്കുണ്ടായി. ബാബു കാണാതെ സൂത്രത്തില്‍ കാലുകൊണ്ടൊരു കോഡ് ചത്തപോലെ കിടന്നിരുന്ന ദാസിന്‍റെ ശരീരത്തിലേക്ക് ഞാ’ന്‍ പാസ്സ് ചെയ്തു. ഒന്നുരണ്ടു നിമിഷം കൂടി ഒരനക്കവുമില്ലാതെ മൌനനാട്യത്തില്‍ കിടന്നിരുന്ന ദാസ്‌ പെട്ടെന്ന് തലയിട്ട് വശങ്ങളിലേക്ക് ചലിപ്പിക്കാന്‍ തുടങ്ങി.

               
“വെള്ളം, വെള്ളം” എന്ന് അവ്യക്തസ്വരത്തില്‍ പറയാ’ന്‍ തുടങ്ങി. ബക്കറ്റിലെ വെള്ളം തീര്‍ന്നിരുന്നതിനാ’ല്‍ ബാബുവിനോടായി ഞാ’ന്‍ പറഞ്ഞു:
“നീ ഓടിച്ചെന്നു കുറച്ചുകൂടി വെള്ളം കൊണ്ടുവാ; പെട്ടെന്ന് വേണം”.
പറഞ്ഞുനിര്‍ത്തേണ്ട താമസം, ബക്കറ്റും കയ്യിലെടുത്ത്, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പയ്യന്‍ പറന്നു. അവനോടിയകന്നു എന്ന്‍ ബോധ്യമായപ്പോ’ള്‍ ദാസ്‌ ഒരു കണ്ണ് മെല്ലെ തുറന്നു നോക്കിയതിനുശേഷം സടകുടഞ്ഞെഴുന്നേറ്റിരുന്നു ‘ഇളിക്കാന്‍’ തുടങ്ങി. “അഭിനയം കലക്കിയെടാ മോനേ” എന്ന് പരസ്പരം പറഞ്ഞുകൊണ്ട്  ഞങ്ങ’ള്‍ കാത്തു നിന്നു. “പയ്യന്‍ വിരണ്ട് വശക്കേടായിരിക്കുന്നു.” നനഞ്ഞ ഷര്‍ട്ടി’ല്‍ പറ്റിയ അഴുക്ക് തട്ടിക്കളഞ്ഞുകൊണ്ട് ദാസ്‌ പറഞ്ഞു.

നാടകത്തിന്‍റെ ക്ലൈമാക്സ് ഇനിയുമായിട്ടില്ല എന്ന തോന്ന’ല്‍ കലശലായതിനാലാവാം അഭിനയം തുടരാന്‍ തന്നെ ഞങ്ങ’ള്‍ തീരുമാനിച്ചു. മുമ്പെന്നപോലെ ഞാന്‍ വീണ്ടും കല്ലുകെട്ടി മാവിന്‍റെ ചുവട്ടിലേക്കോടി. അകലെനിന്ന് അതുവഴി വരാനിരിക്കുന്ന ഇരയെ തന്ത്രത്തില്‍ പിടികൂടുവാനായി കുറ്റിക്കാട്ടി’ല്‍ പതുങ്ങി നില്‍ക്കുന്ന കടുവയെപ്പോലെ, ബാബുവിന്‍റെ വരാവും കാത്ത് ഞാനവിടെ നിന്നു.

വിയര്‍ത്തൊലിച്ച്, കിതച്ചുകൊണ്ട് ബക്കറ്റിന്‍റെ ഭാരവും പേറി പാഞ്ഞു വരുന്ന പയ്യന്‍റെ നേരേ നോക്കിയുള്ള “വേഗം വാടാ” എന്നുള്ള എന്‍റെ ആക്രോശം ദാസിനുള്ള “ക്യാമറ റെഡി” എന്ന സിഗ്നലായിരുന്നു. അത് കേള്‍ക്കേണ്ട താമസം എന്നെയും നോക്കി നിന്നിരുന്ന ദാസ്‌ ചക്ക വെട്ടിയിട്ടതുപോലെ ഭൂമിയിലേക്ക്‌ വീണ്, അപസ്മാര രോഗിയെപ്പോലെ തലയിട്ടു വെട്ടിക്കാന്‍ തുടങ്ങി.
               
പയ്യന്‍ വന്നിരുന്ന ദിക്കിലേക്കോടി അവന്‍റെ കയ്യില്‍നിന്നു ബക്കറ്റ് തട്ടിയെടുത്ത് ഞാനും, എന്‍റെ പിന്നാലെ അവനും ദാസിന്‍റെ പക്ക’ല്‍ പാഞ്ഞെത്തി. ഇരുവരും ഉറക്കെ പേര് വിളിച്ച് ദാസിനെ ഉയര്‍ത്തുവാനുള്ള ശ്രമമായി. ബക്കറ്റില്‍നിന്നു വെള്ളമെടുത്ത് ദാസിന്‍റെ വായിലേക്ക് ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നപ്പോ’ള്‍ കണ്ണു നന്നായി ഇറുക്കിയടച്ച് എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് ദാസ്‌ അഭിനയം തുടര്‍ന്നുകൊണ്ടിരുന്നു.

കുറച്ച് വെള്ളം അകത്ത് ചെന്നപ്പോള്‍ “അമ്മേ ഹയ്യോ” എന്ന് പറഞ്ഞുകൊണ്ട് കണ്ണുകള്‍ മെല്ലെ ചിമ്മിത്തുറന്നു. യാതൊന്നും അറിഞ്ഞിട്ടില്ലാത്ത മട്ടില്‍ എന്നെയും പയ്യനെയും മാറി മാറി തുറിച്ചുനോക്കിക്കോണ്ടിരുന്നു. ദാസിന്‍റെ കൈയി’ല്‍ കടന്നുപിടിച്ച് “എന്ത് പറ്റി ദാസ്‌, എന്താണുണ്ടായത്?” എന്ന് ഞാന്‍ ചോദിച്ചു. യാതൊരു ഭാവഭേദവുമില്ലാതെ, തുറിച്ചുനോട്ടം നിര്‍ത്താതെ, ഒന്നും തന്നെ ഉരിയാടാതെ ദാസ്‌ ... ഉദ്വേഗത്തോടെ ദാസിന്‍റെ മുഖത്ത് തളച്ചിട്ട കണ്ണുകളുമായി ബാബു ...! ആശങ്കയുടെ നിമിഷങ്ങള്‍!...

“എന്താ, ഞാനിപ്പോള്‍ എവിടെയാണ്?” എന്ന ഞരങ്ങല്‍ ഉയര്‍ന്നതോടെ, കുഴപ്പമെല്ലാം തീര്‍ന്നു എന്ന് തോന്നിയതിനാലാവാം, ബാബുവിന്‍റെ മുഖത്ത് നിഴലിച്ചിരുന്ന പേടിയും ഉത്കണ്ഠയും മെല്ലെ വഴിമാറിതുടങ്ങുന്നത് ഞാ’ന്‍ വ്യക്തമായി കണ്ടു.

“ദാസ്‌, ദാസ്‌ ഇത് ഞാനാണ്‌, ബേബന്‍. ഇത് നമ്മുടെ പയ്യന്‍സ്. നമ്മളിവിടെ ഓടിക്കളിക്കുകയായിരുന്നല്ലോ? ഇതിനിടയ്ക്ക് നീ പതുക്കെ താഴേയ്ക്കൊന്നു വീണു”. ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞു ഞാന്‍ നിര്‍ത്തി.

“ഹയ്യോ എന്നെ ഈ പടുകുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കൂ, ഞാനിപ്പോ’ള്‍ മരിക്കും, മണ്ണ് വേഗം മാറ്റു. എന്നെ കുഴിച്ചുമൂടിയതാരാണ്?” വീണ്ടും ദാസിന്‍റെ വായി’ല്‍ നിന്നും വീണ ‘പിച്ചും പേയും’ കേട്ടപ്പോള്‍, ഒരു നിമിഷം മുമ്പ്‌ വീണ്ടുകിട്ടിയ താല്‍ക്കാലികാശ്വാസം കൈവിട്ടുപോയോ എന്ന ചിന്തയാലാവാം പയ്യന്‍ വീണ്ടും വിഷണ്ണനായി നിലകൊണ്ടു.
“പണ്ടാരത്തെക്കൊണ്ട് തോറ്റു; ഇവനിത് ഓവറാക്കി നശിപ്പിക്കും!”
പയ്യന്‍റെ കണ്ണില്‍പെടാതെ ഒരു വീക്ക് വെച്ചുകൊടുക്കാമെന്നു വച്ചാ’ല്‍ അതിനും പറ്റാത്തവണ്ണം അവന്‍റെ നിര്‍വികാരമായ കണ്ണുകള്‍ എന്‍റെ മുഖത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.എന്നാല്‍ ആ പാട്ടിനൊത്ത് തുള്ളുകതന്നെയെന്ന് ഞാനും നിശ്ചയിച്ചു.

  “പേടിക്കണ്ടടാ ബാബൂ,നീ ഒന്നടങ്ങിയിരിക്കൂ. എല്ലാം ശരിയാകും. ഒന്നുമില്ലെങ്കില്‍ അവന്‍റെ ജീവ’ന്‍ തിരിച്ചു കിട്ടിയല്ലോ; അതുതന്നെമഹാ ഭാഗ്യം” ബാബുവിന്‍റെ അങ്കലാപ്പ് ശമിപ്പിക്കാനായ് ഞാന്‍ പറഞ്ഞൂ.  
വീണ്ടും ബക്കറ്റില്‍നിന്നും വെള്ളമെടുത്തു മുഖത്തടിച്ച്, ചുമലില്‍ തട്ടിക്കൊണ്ട്, (അത്രതന്നെയങ്ങ് മൃദുവല്ലാത്ത ഒരു തട്ടുതന്നെ ആയിക്കോട്ടെ എന്ന് ഞാന്‍ നിനച്ചു), ദാസിന്‍റെ ചെവിയി’ല്‍ ഞാ’ന്‍ ഓതിക്കൊണ്ടിരുന്നു, “എഴുന്നേല്‍ക്കൂ ദാസ്, എഴുന്നേല്‍ക്കൂ; എന്‍റെ കയ്യി’ല്‍ പിടിച്ചോളൂ”
    അത്ഭുതമെന്ന് പറയട്ടെ! നീട്ടിപ്പിടിച്ചിരുന്ന എന്‍റെ കൈയ്യി’ല്‍ കടന്നു പിടിച്ച് അമര്‍ത്തിക്കൊണ്ടു, (ഈശ്വരാ! അതൊരമര്‍ത്ത’ല്‍ തന്നെയായിരുന്നൂ!!) ദാസ് മെല്ലേ എഴുന്നേല്‍ക്കാ’ന്‍ തുടങ്ങി. തട്ടലിനു പ്രതികാരമായി കിട്ടിയ അമര്‍ത്തല്‍! ദാസിന്‍റെ വിരലുകളിലെ കൂര്‍ത്ത നഖം കൈത്തണ്ടയി’ല്‍ തുളഞ്ഞുകയറിയപ്പോഴുണ്ടായ അസഹ്യമായ വേദന എന്‍റെ മുഖം ചുളിപ്പിച്ചൂ.

“ഒന്നു പിടിക്കെടാ വേഗം”, നിസ്സഹായതയുടെ നടുക്കടലി’ല്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബാബുവിന്‍റെ നേര്‍ക്ക്‌ ഞാ’ന്‍ കയര്‍ത്തു.

ഒരുകണക്കിന് ഞങ്ങള്‍ ദാസിനെ പൊക്കിയെടുത്തു നേരെയിരുത്തി.നിര്‍വികാരനായി കുറച്ചുനേരം ഞങ്ങളുടെ മുഖത്തേക്ക്  നോക്കിയിരുന്നതിനു ശേഷം പല പ്രാവശ്യം കണ്ണുകള്‍ ഇറുക്കിയടക്കുകയും തുറക്കുകയും ചെയ്തു. പിന്നീട് അടുപ്പിച്ച് കണ്ണുകള്‍ ചിമ്മിച്ചുകൊണ്ട് പറഞ്ഞൂ:

“ന്താ? ന്താ എനിക്ക് പറ്റിയത്? തലയ്ക്കാകെ ഒരു ഭാരം. യ്യോ! നല്ല തലവേദന!...ഹാ....”        

“ഇപ്പോള്‍ ഒന്നും അവനെ അറിയിക്കേണ്ട..” ആശ്വാസത്തിന്‍റെ പൊന്‍കതിരുക’ള്‍ കൊയ്യുവാ’ന്‍ തുടങ്ങിയിരുന്ന പയ്യന്‍റെ ചെവിയില്‍ മന്ത്രിച്ചുകൊണ്ട്‌ ദാസിനോടായി ഞാ’ന്‍ പറഞ്ഞു:

“ദാസെ, നീ കുറച്ചു മുന്‍പ് ഇവിടെ ഒന്നു വീണു..തല ചുറ്റിയെന്നാ തോന്നണ്.ഓ, ഞങ്ങള്‍ ആകെ പേടിച്ചുപോയി. എന്നുവെച്ചു നിനക്ക് കുഴപ്പമൊന്നും ഉണ്ടായില്ല കേട്ടോ.”

തന്‍റെ “അബോധാവസ്ഥ”യുടെ ക്ഷീണമെല്ലാം മാറി, കയ്യും കാലുമൊക്കെ ഒന്നു കുടഞ്ഞു ഉഷാറാകാനുള്ള ശ്രമത്തിലായിരുന്നു ദാസ് അപ്പോള്‍. മെല്ലേ ശരീരമൊന്നു ചുറ്റിച്ച് ഉന്മേഷവാനായി എഴുന്നേറ്റുനിന്നു ചോദിച്ചു:
                 
                “ഞാനോ? ഈ ഞാന്‍ വീണെന്നോ? എവിടെ എങ്ങിനെ വീണെന്നാടേയ് പൊന്നുമോനെ നീ പറയണത്?” ഒന്നും അറിയാത്ത ഒരു “പഞ്ചപാവ”മായ ആ മനുഷ്യ’ന്‍  മൊഴിഞ്ഞു.

“എന്താണ് സംഭവിച്ചതെന്നൊന്നും എനിക്ക് പിടികിട്ടിയിട്ടില്ല....നീയും ഇവനും കൂടി വഴക്കടിച്ച് ഓടുന്നുണ്ടായിരുന്നു..ഇവന്‍ നിന്നെ തള്ളുന്നതുപോലെ എനിക്ക് തോന്നി...പിന്നെ പെട്ടെന്ന് നീ നിലത്തു വീഴുന്നതാ ഞാന്‍ കണ്ടത്.” ബാബുവിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അടിച്ചുവിട്ടു.  

                                ഒന്നും മനസ്സിലാകാത്തയാളെപോലെ ദാസ് പയ്യനെയും എന്നെയും മാറി,മാറി നോക്കിക്കൊണ്ട് നിന്നു.

അഭിനയ കലയി’ല്‍ നിന്നും നിഷ്കരുണം പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന എന്‍റെയും ദാസിന്‍റെയും തുടര്‍ന്നുള്ള പ്രകടനത്തില്‍ കൃത്രിമത്വം കടന്നുകൂടുന്നതായി മനസ്സിലാക്കുകയായിരുന്നു ഞാനപ്പോള്‍. ഇനി അധികമങ്ങു പിടിച്ചുനില്‍ക്കാനാവില്ല എന്നും ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു.

“എന്തായാലും അത്ര വലിയ പ്രശ്നമൊന്നും ഉണ്ടായില്ല, കേട്ടോ....നേരം നന്നേ വൈകി. ഇനി നമുക്കങ്ങു നിര്‍ത്തിപ്പോയാലോ?”

സാധാരണ ഞങ്ങ’ള്‍ പിരിഞ്ഞുപോകുന്ന സമയമൊന്നുമായിട്ടില്ല എന്ന് അറിയാമായിരുന്നെങ്കിലും ഞാന്‍ അടിച്ചുവിട്ടു.

               
അപ്പോള്‍ ‘ധിം’ എന്നൊരു സ്വരം! കല്ലുകെട്ടി മാവിന്‍റെ ചുവട്ടില്‍ നിന്ന് ആ സ്വരം കേട്ടമാത്രയില്‍ ആറു കണ്ണുകളും അവിടേക്ക് പാഞ്ഞു. പതിവുപോലെ ഒരു ഓട്ടം, ഒരു ഡൈവിംഗ്! കാക്ക പകുതിയിലധികം കൊത്തിത്തിന്ന ഒരു വലിയ മാങ്ങയുടെ ഉള്‍ചെമപ്പ് ദാസിന്‍റെ കയ്യിലിരുന്ന് പുഞ്ചിരിച്ചപ്പോള്‍ എന്‍റെ വായി’ല്‍ വെള്ളമൂറി. മാഞ്ചുവട്ടില്‍ വീഴുന്ന ഏതു മാങ്ങയുടെയും മേല്‍ ആദ്യം ചാടിവീഴാറുണ്ടായിരുന്ന പയ്യന്‍റെ മുഖം അപ്പോഴും പൂര്‍ണ്ണമായി തെളിഞ്ഞിരുന്നില്ല.

               

കാക്ക കനിഞ്ഞു നല്‍കിയ ആ വലിയ പഴംമാങ്ങയുമായി ദാസ് കായല്‍ത്തീരത്തെക്കോടി. വീണുകിട്ടിയ ആ കനി പതിവുപോലെ കായ’ല്‍ വെള്ളത്തി’ല്‍ കഴുകിയെടുക്കുവാനായിരുന്നു ദാസിന്‍റെ ആ ഓട്ടം. വികാരിയച്ചന്‍റെ കണ്ണുവെട്ടിച്ചു പച്ചമാങ്ങ എറിഞ്ഞുവീഴ്ത്തി തിന്നുന്നതിന് മുന്‍പ്, മാങ്ങയുടെ പുളി കുറക്കുവാനായ് കായലിലെ ഉപ്പുവെള്ളത്തില്‍ കഴുകിയെടുക്കുന്ന നടപടിയുടെ  തനിയാവര്‍ത്തനമായിരുന്നു അത്.
ഈ അഭ്യാസമെല്ലാം അരങ്ങേറുമ്പോഴും ഒരു കിടില’ന്‍ നടുക്കത്തിന്‍റെ കെട്ട് പൂര്‍ണമായും വിട്ടുപോയിട്ടില്ലായിരുന്ന പയ്യനും, പിന്നെ ഈ  ഞാനും പരസ്പരം നോക്കുന്നുണ്ടായിരുന്നു. എങ്ങിനെ നോക്കാതിരിക്കും? ദാസില്‍നിന്നും ഒളിച്ചുവച്ച ഒരു ‘മഹാ രഹസ്യ’ത്തിന്‍റെ കാവല്‍ഭടന്മാരായിരുന്നല്ലോ ഞങ്ങ’ള്‍!
  
കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ്, താ’ന്‍ വെറുമൊരു മൃതശരീരമായിരുന്നു  എന്ന ദുഃഖസത്യം അറിയാതെ, ഭാഗ്യം ഒന്നുകൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന ഒരു പഞ്ചപാവത്തെ ഞങ്ങള്‍ക്കെങ്ങിനെ സത്യം ബോധിപ്പിക്കാനാവും?മരിച്ചു പുന’ര്‍ജീവിച്ച അവന്‍റെ പ്രതികരണം എന്തായിരിക്കും? മരുന്നിനെങ്കിലും മനുഷ്യത്വമുള്ള ആരെങ്കിലും ചെയ്യുന്ന ഒരു സംഗതിയാണോ അത്?
“വേണ്ട മിണ്ടേണ്ടാ. അവന്‍ മരിച്ച വിവരം ദാസ് യാതൊരു കാരണവശാലും അറിഞ്ഞുപോകരുത്”, ഞാന്‍ പയ്യന് താക്കീത് നല്‍കി.

“തന്നെയുമല്ല,നമ്മളല്ലാതെ മറ്റൊരാളും ഇതറിയാനും പാടില്ല”, ഞാന്‍ കൂട്ടിച്ചേര്‍ത്തു.
അന്നത്തെ ആ പ്രത്യേക സാഹചര്യത്തില്‍ എന്‍റെ വായില്‍നിന്നും ഉതിര്‍ന്നു വീണിരുന്ന ഓരോ വാക്കും വേദവാക്യമായി കണക്കാക്കിയിരുന്ന ബാബു,ഒരു കൊച്ചുകുട്ടിയെപ്പോലെ എല്ലാം തലയാട്ടിക്കൊണ്ട്  സമ്മതിച്ചു. ആ കപടനാടകത്തിന്‍റെ കുസൃതി ലഹരി ഉടനെയങ്ങു നഷ്ടപ്പെടുത്തേണ്ട എന്ന് ഞാനും നിശ്ചയിച്ചു.
പിന്നീട് ബാബുവിനെ കണ്ടിരുന്ന അവസരങ്ങളി’ല്‍, ഒന്നുമറിയാത്തവനെപ്പോലെ ഞാ’ന്‍ ചോദിച്ചിരുന്നു:

“വിറപ്പിക്കുന്ന സംഭവമായിരുന്നു, കേട്ടോടാ ബാബു അത്...നീ ഭാഗ്യത്തിന് രക്ഷപെട്ടു പോന്നതാണ്. കാറ്റു പോകാ’ന്‍ പാകത്തിന് എന്തു അടിയാ നീ ദാസിനു വച്ചുകൊടുത്തത്?”

വികസിച്ചുവന്ന കണ്ണുകളോടെ, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ തല്‍ക്ഷണം അവ’ന്‍ പ്രതികരിച്ചൂ:  
                               
“ഹമ്മേ! മാതാവ് രക്ഷിച്ചതാണ്. ഒരുകണക്കിന് തടിയൂരിപ്പോന്നതാണ്!”
അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ യഥാര്‍ഥത്തി’ല്‍ സംഭവിച്ച കാര്യങ്ങ’ള്‍ അവനോട് പറഞ്ഞേക്കാം എന്ന് ഞാ’ന്‍ തീരുമാനിച്ചു.

പിന്നീട് സൌകര്യപ്രദമായി കണ്ടുമുട്ടിയ ഒരു ദിവസം, വളരെ ഗൌരവമായി ഞാന്‍ അവനോട് പറഞ്ഞൂ:
“ ഡാ ബാബൂ, ദാസ് അന്ന് തലകറങ്ങി വീണ സംഭവമില്ലേ? വാസ്തവത്തില്‍ അവ’ന്‍ വീണതൊന്നുമല്ല. ഞങ്ങള്‍ അന്ന് നിന്നെയൊന്നു പറ്റിച്ചതായിരുന്നു. എല്ലാം വെറും അഭിനയമായിരുന്നു. അവനൊരു ചുക്കും അന്ന് സംഭവിച്ചില്ല. നിന്‍റെ കോപമടക്കാ’ന്‍ ദാസും ഞാനും കൂടി  ഒപ്പിച്ച ഒരു നാടകമായിരുന്നു അത്.”
ഇതു കേട്ടപ്പോള്‍ ബാബുവുണ്ടോ കടുകിടെ സമ്മതിക്കുന്നു!

“പോടാ കുരുടാ! (ഞങ്ങളുടെ സൌഹൃദവലയത്തില്‍ പരസ്പരം സംബോധന ചെയ്തിരുന്നത് അപ്രകാരമായിരുന്നു). ഇത് എന്നെ പറ്റിക്കുവാന്‍ പറയുന്നതല്ലേ? ഞാനിത് അങ്ങിനെതന്നെ അങ്ങു വിശ്വസിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?! അഭ്യാസമൊന്നും എന്‍റെടുത്തോടില്ല. പോയി പണി നോക്ക്. ഞാന്‍ ഇത് കൊറേ കണ്ടതാ”
സംഗതിയുടെ കിടപ്പ് അങ്ങിനെയൊക്കെയാ എന്ന് അപ്പോഴാണെനിക്ക്‌ ബോധ്യമായത്. നടക്കാത്ത കാര്യത്തിനായ് ശ്രമിച്ചിട്ടു യാതൊരു കാര്യവുമില്ല. അവനെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനായി മെനക്കെടാനില്ല എന്ന് ഞാനും തീരുമാനിച്ചു. മനസ്സിന്‍റെ അടിത്തട്ടി’ല്‍ രൂVമൂലമായ ഒരു ബോധ്യം, ആരെല്ലാം,എന്തെല്ലാം പറഞ്ഞാലും പിഴുതെറിയാന്‍ ആര്‍ക്കാണ് കഴിയുക?

ഇന്നും ബാബുവിന്‍റെ മനസ്സി’ല്‍ ആ മിഥ്യാബോധം പാറപോലെ ഉറച്ചുകിടക്കുന്നു. എല്ലാം വളച്ചൊടിച്ചൊരു കുട്ടിക്കഥയുണ്ടാക്കി വിടുന്നതായേ ഇത് വായിക്കുമ്പോ’ള്‍, അവ’ന്‍ ഒരുപക്ഷേ ചിന്തിക്കാനിടയുള്ളൂ. എന്നാ’ല്‍ ഒരു വ്യത്യാസം മാത്രം അവശേഷിച്ചേക്കാം:-

 ഉത്ഥിതനായ ദാസി’ല്‍ നിന്ന് അവ’ന്‍ ‘മരിച്ചെന്ന സത്യം’ ഞങ്ങ’ള്‍ മന:പൂര്‍വ്വം മറച്ചുവെച്ചതുപോലെ, ഞാനും ദാസും ചേര്‍ന്ന് അവനെയും കബളിപ്പിക്കുകയാണെന്ന് ഒരുപക്ഷേ അവനു കരുതാം.
                 
ഈസ്റ്റ’ര്‍ വന്നാലും, വിഷു വന്നാലും താറാവിനു കിടക്കപ്പൊറുതിയുണ്ടോ? ദാസ് ബാബുവിനെ കബളിപ്പിച്ചാലും, ബാബു ദാസിനെ  കബളിപ്പിച്ചാലും കഥയിലെ വില്ല’ന്‍ “സാധുവായ” ഈയുള്ളവന്‍ തന്നെയല്ലേ?

ചുരുളഴിയാത്ത ഒരു കടംകഥയായി ഇത് എത്രനാള്‍ വേണമെങ്കിലും അവനില്‍ നിലകൊള്ളട്ടെ!
                               
              ##################



3 comments:

  1. da hamke ithu muyonum vayikkanonnum time illa... ni parayunnathokke mandadtharamanelum kekkan pru rasamullathukondu nannayirikkum.... ini ninde balyakalathele Sowsare idatha photo onnum itttu ithu nirakkanda :P

    ReplyDelete